സാങ്കേതിക വളർച്ചയ്ക്കും അതിന് അനുബന്ധമായ മാറ്റങ്ങൾക്കും ഒപ്പം നിന്ന് കൊണ്ട്, ഒരു വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് വളരാനാണ് കേരളം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വലിയൊരു ശതമാനം വരുന്ന അഭ്യസ്തവിദ്യരുടെ കഴിവും ഊർജവും ഉചിതമായി പ്രയോജനപ്പെടുത്തികൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ സാധിക്കും. സംരംഭകത്വം, വിജ്ഞാന തൊഴിലുകൾ പോലുള്ള വികസന മേഖലകളിലേക്ക് യുവസമൂഹത്തെ നയിക്കുന്നതിലൂടെ വിജ്ഞാന സമൂഹമെന്ന ഫലപ്രാപ്തിയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്. കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് കൊണ്ട് തളിപ്പറമ്പ് നിയോജകമണ്ഡലം ഈ നേട്ടം കൈവരിക്കാൻ ശ്രമിക്കുകയാണ്. ഈ ആശയത്തിന്റെ പ്രത്യക്ഷരൂപമാണ് തളിപ്പറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന “വിജ്ഞാനതൊഴിൽ- സംരംഭകത്വ വികസന പദ്ധതി”.
4693+ Registered Candidates
1000+ Jobs Created
അതിവേഗ സാങ്കേതികവത്കരണം മൂലം ലോകെമെമ്പാടും തൊഴിൽ മേഖലയിൽ വിവിധ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഉൾകൊണ്ട് കൊണ്ട്, അഭിരുചിക്കനുസരിച്ചുള്ള തൊഴിലുകൾ സ്വന്തമാക്കാൻ ഉന്നത വിദ്യാഭ്യാസം കൊണ്ട് മാത്രം സാധ്യമല്ല. പുതിയ തൊഴിലവസരങ്ങൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് അനിവാര്യമാണ്. ഈ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ തൊഴിലന്വേഷകരെ സജ്ജരാക്കുന്നതിനും യോഗ്യതയ്ക്കും അഭിരുചിക്കും അനുയോജ്യമായ തൊഴിൽ കരസ്ഥമാക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും, പ്രാദേശികവും ആഗോളതലത്തിലുമുള്ള തൊഴിലവസരങ്ങളെ സമാഹരിച്ച് കേരളത്തിലെ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിനും വേണ്ടി കേരള സർക്കാർ, K-DISC മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളെജ് ഇക്കോണമി മിഷൻ (KKEM).ഇതിന്റെ നടത്തിപ്പിനായി DWMS എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിനും രൂപംനൽകിയിട്ടുണ്ട്.
തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങളെ പറ്റിയുള്ള വിവരങ്ങൾ നൽകാനും അതിനു ആവിശ്യമായ യോഗ്യതയും നൈപുണ്യവും ഉണ്ടെന്ന് ഉറപ്പാക്കി, അവയിൽ അപേക്ഷിക്കാനും, തൊഴിൽ നേടാനുമായുള്ള ഒരു ഡിജിറ്റൽ സംവിധാനമാണ് DWMS. അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ നേടാൻ തൊഴിലന്വേഷകരെ പ്രാപ്തരാക്കാനുള്ള വിവിധ തരത്തിലുള്ള പരിശീലനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇത് വഴി തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും തൊഴിൽ പരിശീലകരെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും കേരളത്തിലെ അഭ്യസ്തവിദ്യരായിട്ടുള്ള തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിലുകൾ നേടാനുള്ള അവസരമൊരുക്കുകയുമാണ് KKEM ചെയ്യുന്നത്. കഴിഞ്ഞ 2 വർഷക്കാലത്തെ പ്രവർത്തനത്തിൽ കേരളത്തിലുട നീളമുളള 16 ലക്ഷത്തിൽപരം തൊഴിലന്വേഷകരെ DWMS പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിക്കുവാനും 1 ലക്ഷത്തിൽപരം തൊഴിലന്വേഷകർക്ക് തൊഴിൽ നൽകാനും KKEM ന് സാധിച്ചിട്ടുണ്ട്. ഇത് വഴി ലോകത്തിലെ തന്നെ മികച്ച “ടാലെൻറ് മാർക്കറ്റ്പ്ലേസ്” ആയി DWMS മാറി കൊണ്ടിരികുകയാണ്. DWMSനു ലഭിച്ച രാഷ്ട്രപതിയുടെ പുരസ്കാരം ഇകാര്യം അടിവര ഇടുന്നു.
കേരള നോളജ് എക്കണോമി മിഷൻ നടത്തിയ സർവ്വേ പ്രകാരം തളിപ്പറമ്പ് മണ്ഡലത്തിലെ ആകെ തൊഴിൽ അന്വേഷകരുടെ എണ്ണം ആണ് (2980 സ്ത്രീകൾ, 1713 പുരുഷന്മാർ) അവരിൽ 3851 പേരാണ് 21- 40 വയസ്സിനു മധ്യേ ഉള്ളത്. ഇതിൽ ഡിപ്ലോമ (253), ബിരുദം (1629), ബിരുദാനന്തര ബിരുദം (747), പ്ലസ് ടു (1957) ITI (107) എന്നിങ്ങനെയാണ് വിവിധ യോഗ്യത പട്ടികയിൽ ഉൾപ്പെടുന്നവർ. മണ്ഡലത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള KKEM ന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളാണ് തളിപ്പറമ്പ് നിയോജക മണ്ഡലം വിജ്ഞാനതൊഴിൽ- സംരഭകത്വ വികസന പദ്ധതി യിലൂടെ നടപ്പിലാക്കുന്നത്. വൈവിധ്യമാർന്ന തൊഴിലവസരങ്ങളാണ് ഇതിലൂടെ KKEM തളിപ്പറമ്പിലെ തൊഴിലന്വേഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. വരുന്ന 3 മാസത്തിനുള്ളിൽ ചുരുങ്ങിയത് 1000 തൊഴിലന്വേഷകർക്ക് തൊഴിൽ ഉറപ്പാക്കുകയും, തുടർന്ന് 2 വർഷത്തിനുള്ളിൽ മണ്ഡലത്തിലെ മുഴുവൻ തൊഴിലന്വേഷകർക്കും ജോലി ഉറപ്പാക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരിലേക്ക് KKEMന്റെ സേവനങ്ങൾ എത്തുന്നതിനും അവർക്ക് വേണ്ടുന്ന പിന്തുണ നൽകി തൊഴിൽ സജ്ജരാക്കുന്നതിനുമായി മണ്ഡലത്തിൽ ജോബ് സ്റ്റേഷനുകളും സജ്ജമാക്കുന്നുണ്ട്.
കേരള നോളജ് ഇക്കണോമി മിഷൻ DWMS കണക്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന എല്ലാ സേവനങ്ങളെപറ്റിയും അറിവ് നൽകുന്നതിനും, DWMSൽ രജിസ്റ്റർ ചെയ്യുവാനും, അവർക്ക് തത്സമയ കരിയർ കൗൺസിലറുടെ സേവനങ്ങൾ ലഭിക്കുന്നതിനും, ലഭ്യമായ തൊഴിലവസരങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനും, താല്പര്യമുള്ളവയ്ക്ക് അപേക്ഷിക്കുന്നതിനും സൗകര്യമുള്ള ഇടമായിരിക്കും ജോബ്സ്റ്റേഷൻ. ജില്ലയിൽ ഈ പദ്ധതിയുമായി അനുബന്ധിച്ച് നോളജ് മിഷൻ നടപ്പിലാക്കുന്ന എല്ലാ പരിപാടികളുടെയും വിവരങ്ങൾ ലഭിക്കുന്ന രീതിയിൽ ആണ് ഇവ സജ്ജമാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാകും ഈ സ്റ്റേഷനുകൾ പ്രവർത്തിക്കുക. ഇത് വഴി, മണ്ഡലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരിലേക്ക് നേരിട്ട് ഇടപെടാനും, അവർക്ക് വേണ്ടുന്ന പിന്തുണ നൽകി തൊഴിൽ സജ്ജരാക്കാനും കേരള നോളജ് ഇക്കോണമി മിഷന് സാധിക്കും. തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രികരിച്ചു തുടങ്ങുന്ന ഇത്തരം ജോബ് സ്റ്റേഷനുകൾ, ജോലി സംബന്ധമായ എല്ലാ സംശയങ്ങൾ ദൂരീകരിക്കുന്നതിനും തൊഴിൽപ്രാപ്തി വികസിപ്പിക്കുന്നതിനും സഹായിക്കും.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചി അനുസരിച്ചുള്ള ആധുനിക- വിജ്ഞാനാധിഷ്ഠിത തൊഴിലുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൊതുവായി മൂന്ന് തരത്തിലുള്ള തൊഴിലുകൾ നല്കാനാണ് വിഭാവനം ചെയ്യുന്നത്; ആഗോളതലത്തിലെ പ്രധാന കമ്പനികളിൽ സ്ഥിര ജോലികൾ വിവിധ കമ്പനികൾ വഴി നല്കുന്ന റിമോട്ട് ജോബുകൾ/ ഫ്രീലാൻസ് അവസരങ്ങൾ പ്രാദേശികമായി ലഭ്യമാകുന്ന തൊഴിലുകൾ ഇവ കൂടാതെ, കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് പ്രത്യേക കമ്പനികൾ നടത്തുന്ന റിക്രൂട്ട്- ട്രെയിൻ-ഡിപ്ലോയ് മാതൃകയിലുള്ള അവസരങ്ങളും തൊഴിലന്വേഷകർക്ക് ലഭ്യമാക്കും. കമ്പനികൾ ക്ഷണിക്കുന്ന തൊഴിലവസരങ്ങളിൽ അപേക്ഷിക്കുകയും, പ്രാധമിക സ്ക്രീനിങ് എടുത്തത്തിന് ശേഷം, അവരുടെ അവിശ്യകതയ്ക്ക് അനുസൃതമായ നൈപുണ്യ വികസനം നടത്തി, നിയമനം ലഭിക്കുന്ന രീതിയാണ് റിക്രൂട്ട്- ട്രെയിൻ-ഡിപ്ലോയ് മാതൃക.
തളിപ്പറമ്പ് മണ്ഡലത്തിലെ തൊഴിലന്വേഷകരുടെ അഭിരുചിക്കും മാർക്കറ്റ് ഡിമാൻഡ്നും അനുസരിച്ചുള്ള നൈപുണ്യ കോഴ്സ്കൾ, വിവിധ പരിശീലന ദാതാക്കളുടെ സഹകരണത്തോടെ, ജോബ് സ്റ്റേഷൻ വഴി നടപ്പിലാക്കും. ഈ രീതിയിൽ ലഭ്യമാക്കുന്ന നൈപുണ്യ കോഴ്സുകൾ വിപണിയിലെ ആവശ്യകതയേറിയ തൊഴിൽ മേഖലകളുമായി യോജിച്ചു പോകുന്നവയും ആയിരിക്കും. തൊഴിലന്വേഷകർക്ക് DWMSൽ ലഭ്യമായ കോഴ്സ്കൾ, പോർട്ടലിൽ നല്കിയിട്ടുള്ള “സ്കിൽ കാറ്റലോഗ്” വഴിയോ, മണ്ഡലത്തിൽ പ്രസിദ്ധീകരിക്കുന്ന “ട്രെയിനിങ് കലണ്ടർ” വഴിയോ തിരഞ്ഞെടുക്കാൻ സാധിക്കും.
വിജ്ഞാന തൊഴിലുകൾ കൂടാതെ, മണ്ഡലത്തിൽ വളർന്നു വരുന്ന സംരംഭകത്വ താല്പര്യം ഉൾകൊണ്ട് കൊണ്ടുള്ള സംരംഭകത്വ വികസന പദ്ധതികളും ഇത് വഴി വിഭാവനം ചെയ്യുന്നുണ്ട്. സ്വയം തൊഴിൽ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവ ആരംഭിക്കാൻ താല്പര്യമുള്ളവർക്കും, അവ നടത്തികൊണ്ട് പോകുന്നവര്ക്കും, ആവശ്യമായ പിന്തുണയും സഹായവും പദ്ധതി വഴി ലഭ്യമാക്കും. ഇവ ജില്ല വ്യവസായ വകുപ്പ്, കേരള സ്റ്റാർട്ട്അപ്പ് മിഷൻ, KIED, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തുന്നതായിരിക്കും.
വിജ്ഞാനതൊഴിൽ- സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമാകാം.